പത്മകുമാറിന്റെ അറസ്റ്റ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നതിന് തെളിവ്: എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ എൽഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വൻ വിജയം നേടും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കേരളത്തിന്റെ വളർച്ചയും വികസന കാഴ്ചപാടും ജനങ്ങൾക്ക് അനുകൂലമായ സമീപനങ്ങളും ക്ഷേമ പ്രവർത്തനങ്ങളുമെല്ലാം എൽഡിഎഫ് വിജയം ഉറപ്പാക്കും.
യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ബിജെപിയെ ശക്തിപ്പെടുത്തും. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും മതതീവ്രവാദ നിലപാടുകൾ മുന്നോട്ടുവെക്കുന്നവരാണ്. രണ്ട് സീറ്റ് ലഭിക്കുമെന്ന പേരിൽ അവരോട് ഐക്യപ്പെടരുത്. അത് മതനിരപേക്ഷതക്ക് മുറിവേൽപ്പിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ശബരിമലയിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത പാർട്ടിയാണ് സിപിഎം. അയ്യപ്പന്റെ ഒരുതരി പൊന്ന് പോലും നഷ്ടപ്പെടാത്ത അന്വേഷണം വേണമെന്നാണ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ രാഷ്ട്രീയം നോക്കിയല്ല സിപിഎം നിലപാട് എടുത്തത്. അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നതിന്റെ തെളിവാണ് പത്മകുമാറിന്റെ അറസ്റ്റ്. പാർട്ടി സ്വീകരിക്കേണ്ട നടപടികൾ പാർട്ടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു



