Kerala

പടിയടച്ച് പിണ്ഡം വെക്കാതെ വേറെ പോംവഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ പഠിക്കാന്‍ പിന്നെ പാര്‍ട്ടി കാണില്ല. രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്. പടിയടച്ച് പിണ്ഡം വെക്കാതെ വോറെ പോംവഴിയില്ല നേതൃത്വമേ എന്നും സജന ഫേസ്ബുക്കില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം
 

പാർട്ടി അടിയന്തിരമായി രാഹുൽ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. “ഞരമ്പൻ”എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിൽ കോൺഗ്രസ്‌ പ്രവർത്തകർ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേൽ ഇനി പഠിക്കാൻ പാർട്ടി ഉണ്ടാകില്ല. പാർട്ടി നടപടി എടുത്താൽ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാർഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആർക്കാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും…?

എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോൺഗ്രസ്‌ ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങൾ മാന്യതയോർത്ത് ഇപ്പോൾ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുൽ ഈശ്വർ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ്‌ ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്. പോലീസ് ലാത്തിചാർജ്ജും ജയിൽ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ റീൽസ് ആക്കി അത് പോസ്റ്റ്‌ ചെയ്യാൻ പി ആർ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങൾ ആയവരുമൊക്കെ ഈ പാർട്ടിയിൽ ഉണ്ട്. അതിൽ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവർക്ക് വേണ്ടി പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.

See also  രജിസ്‌ട്രേഷൻ നമ്പറില്ല, കാറിൽ വാക്കി ടോക്കി; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ

Related Articles

Back to top button