ഇഡി നോട്ടീസ് ബിജെപിയെ സഹായിക്കുന്നതിനായി സിപിഎമ്മിനെ പേടിപ്പിക്കാനുള്ളത്: വിഡി സതീശൻ

മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡി നോട്ടീസ് വന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മസാല ബോണ്ടിന് പിന്നിൽ ധാരാളം ദുരൂഹതകളുണ്ട്. യഥാർഥത്തിൽ 9.732 ശതമാനം പലിശക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്ന് പണം കടമെടുക്കുകയാണുണ്ടായത്.സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണിത്
അത്രയും വലിയ പലിശക്ക് മസാല ബോണ്ടിൽ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. അഞ്ച് വർഷം കൊണ്ട് മുതലും പലിശയും അടച്ചു തീർക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്
അന്നത്തെ ധനകാര്യമന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. മൂന്ന് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്തിനെന്ന് പിടിയില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണ് ഇഡിയുടെ നോട്ടീസെന്നും സതീശൻ പറഞ്ഞു



