എന്നെന്നേക്കും ജയിലിൽ അടയ്ക്കണം; രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്

രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരള ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ് പറഞ്ഞു. കേരള ഹൈക്കോടതിയുടെ തീരുമാനം നന്നായി എന്നും അവർ എക്സിൽ കുറിച്ചു. ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു.
അതേസമയം യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചതായി ഭാര്യ ദീപ രാഹുൽ പറഞ്ഞിരുന്നു. എന്നാൽ വെള്ളം കുടിക്കുന്നുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് അധികൃതർ പ്രതികരിച്ചത്.



