വടക്കഞ്ചേരി പഞ്ചായത്ത് 30 വർഷത്തിന് ശേഷം സിപിഎമ്മിന് നഷ്ടമായി; മുൻ ബ്രാഞ്ച് സെക്രട്ടറിയുമായി കൈ കോർത്ത് കോൺഗ്രസ്

പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. ആലത്തൂർ വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്ത് കോൺഗ്രസ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും
30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തുന്നത്. 17ാം വാർഡിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും 9 വീതം സീറ്റ് ലഭിച്ചു. എൻഡിഎക്ക് മൂന്ന് സീറ്റും പിന്നൊന്ന് സ്വതന്ത്രനായി വിജയിച്ച പ്രസാദുമായിരുന്നു
ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്. സിപിഎമ്മിൽ നിന്ന് നടപടി നേരിട്ട വോയ്‌സ് ഓഫ് വടക്കഞ്ചേരി എന്ന കൂട്ടായ്മയുടെ ഭാഗമായിട്ടാണ് പ്രസാദ് മത്സരിച്ച് വിജയിച്ചത്.



