തൃശൂരിൽ ഹോട്ടലിൽ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

തൃശൂർ പൊയ്യ ജംഗ്ഷനിലെ ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹോട്ടലിൽ കുടുങ്ങിക്കിടന്നവരെ അഗ്നി സുരക്ഷാ സേന രക്ഷപ്പെടുത്തി.
പൊയ്യ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാട്ടുക്കാരൻ രാജേന്ദ്രന്റെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ഈ സമയത്ത് ജീവനക്കാരും ചായ കുടിക്കാൻ എത്തിയവരുമടക്കം നാല് പേരാണ് ഹോട്ടലിനകത്ത് ഉണ്ടായിരുന്നത്.
തീപടർന്നതോടെ ഇവർ ഹോട്ടലിനുള്ളിലൂടെ മുകളിലേക്ക് കടന്നു. എന്നാൽ ഹോട്ടലിന്റെ അടുക്കള മുകളിലത്തെ നിലയിലായതിനാൽ ഇവർ അവിടെ കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും കുടുങ്ങിക്കിടന്നിരുന്ന നാലുപേരെയും സുരക്ഷിതമായി പുറത്തേക്ക് ഇറക്കുകയും ചെയ്തു.
വലിയൊരു ദുരന്തമാണ് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത്. അതേസമയം സിലിണ്ടറിൽ തീപിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് പരിശോധന തുടരുകയാണ്.



