Kerala

50 ലക്ഷം കൊടുത്ത് ആളെ ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല; വടക്കാഞ്ചേരി കോഴ വിവാദത്തിൽ എംവി ഗോവിന്ദൻ

വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഒന്നും മറച്ചുവെക്കാനില്ല. കുതിരക്കച്ചവടം ഉണ്ടായിട്ടില്ല. മറ്റത്തൂരിൽ സംഭവിച്ചു. അങ്ങനെയൊരു നിലപാടല്ല സിപിഎമ്മിനെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീം ലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമാറി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന് ശബ്ദരേഖ പുറത്തുവന്നിരുന്നു. മുസ്ലീം ലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭരണം പിടിക്കാൻ സിപിഎം നേതൃത്വം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ലീഗ് സ്വതന്ത്രനായ ജാഫർ മാസ്റ്റർ നേരത്തെ വാർഡ് മെമ്പർ സ്ഥാനം രാജി വച്ചിരുന്നു. പാർട്ടി നടപടി വന്നതിന് പിന്നാലെ ആയിരുന്നു വാർഡ് മെമ്പർ സ്ഥാനം രാജിവച്ചത്. അമ്പത് ലക്ഷം രൂപ ഇപ്പോൾ ഓഫർ ഉണ്ട്. ഒന്നുകിൽ പ്രസിഡന്റാകാമെന്നും അല്ലെങ്കിൽ അമ്പത് ലക്ഷം രൂപ എന്നായിരുന്നു ശബ്ദരേഖയിൽ പറയുന്നത്.

കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ആകെയുള്ള 14 ഡിവിഷനിൽ എൽഡിഎഫിനും യുഡിഎഫിനും 7 വീതമാണ് സീറ്റുകൾ ലഭിച്ചിരുന്നത്. തുടർന്ന്, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി കെവി നഫീസ 8 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. ലീഗ് സ്വതന്ത്രനായ ജാഫർ മാസ്റ്ററുടെ വോട്ട് കൂടി നഫീസക്ക് ലഭിക്കുകയായിരുന്നു. 

See also  വാനോളം ഉയരത്തിലേക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ്

Related Articles

Back to top button