Kerala

നയപ്രഖ്യാപനത്തിൽ ഗവർണർ തിരുത്തൽ വരുത്തി, ഒഴിവാക്കിയ ഭാഗം വായിച്ച്‌ മുഖ്യമന്ത്രി; സഭയിൽ നാടകീയ രംഗങ്ങൾ

15ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം. നാടകീയ സംഭവങ്ങളാണ് ഇന്ന് സഭയിൽ അരങ്ങേറിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ നയപ്രഖ്യാപന പ്രസംഗം നടത്തി പോയതിന് പിന്നാലെ, പ്രസംഗത്തിൽ ഗവർണർ തിരുത്തലുകളും ഒഴിവാക്കലുകളും വരുത്തിയെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരുത്തിയതും ഒഴിവാക്കിയതുമായ ഭാഗങ്ങൾ മുഖ്യമന്ത്രി വായിക്കുകയും ചെയ്തു

കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനങ്ങളാണ് ഗവർണർ തന്റെ പ്രസംഗത്തിൽ നിന്ന് വെട്ടിയത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില മാറ്റങ്ങൾ വരുത്തി. ഭരണഘടനയുടെ അന്തഃസത്തക്കും സഭയുടെ കീഴ് വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനിൽക്കേണ്ടത്. സർക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവർണർ സഭയിൽ നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

തുടർന്ന് മുഖ്യമന്ത്രി ഗവർണർ വെട്ടിയ ഭാഗങ്ങൾ വായിക്കുകയായിരുന്നു. ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങൾ കൈവരിച്ചിട്ടും ഭരണഘടനാതത്വങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ തുടർച്ചയായ  പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. ഈ വാചകം ഗവർണർ ഒഴിവാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതിനെ കുറിച്ചുള്ള ഭാഗവും ഗവർണർ ഒഴിവാക്കി

മന്ത്രിസഭ അംഗീകരിച്ച പ്രസംഗം വിട്ടുപോകുന്നതും വ്യതിചലിക്കുന്നതും ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് സ്പീക്കർ എഎൻ ഷംസീറും പ്രതികരിച്ചു. സർക്കാരിന്റെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മാറ്റം വരുത്താൻ ഗവർണർക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു
 

See also  മെക്7 വിവാദം; നിലപാട് മയപ്പെടുത്തി സിപിഎം

Related Articles

Back to top button