എംഎം മണിയുടെ ഭീഷണി പ്രസംഗം; നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് എസ് രാജേന്ദ്രൻ

മൂന്നാറിൽ സിപിഎം നേതാവ് എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ഭീഷണിയിൽ തനിക്ക് പേടിയില്ല. തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു
എംഎം മണിക്ക് മറുപടി പറയാൻ അവസരം വരും. മണി പറയുന്നതെല്ലാം നാടൻ ഭാഷയാണെന്നല്ലേ പാർട്ടി സെക്രട്ടറി വരെ പറഞ്ഞിട്ടുള്ളതെന്ന് എസ് രാജേന്ദ്രൻ പരിഹസിച്ചു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന എസ് രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണമെന്നും പണ്ട് ചെയ്യാൻ മടിച്ചതൊന്നും ചെയ്യിപ്പിക്കരുതെന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമർശം.
കഴിഞ്ഞ ദിവസമാണ് എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ മൂന്നാറിൽ നടന്ന പൊതുയോഗത്തിലായിരുന്നു എംഎം മണിയുടെ ഭീഷണി. പാർട്ടി ആനുകൂല്യത്തിൽ വളർന്ന രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദി കാണിക്കണം. പാർട്ടിയെ വെല്ലുവിളിച്ചാൽ തീർത്തു കളയുമെന്നും എംഎം മണി പറഞ്ഞിരുന്നു



