കെഎം ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യതയില്ല; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് സുപ്രീം കോടതി. 2016ലെ അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നു കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കെഎം ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്‌തെന്നായിരുന്നു ഷാജിക്കെതിരെ എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാർ നൽകിയ കേസിലെ പ്രധാന ആരോപണം. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി കെഎം ഷാജിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു
എന്നാൽ ജനപ്രതിനിധി നിയമത്തിലെ വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ഷാജിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹൈക്കോടതി അധികാര പരിധി മറികടന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. അതേസമയം ഷാജിയുടെ നിയമസഭാ കാലാവധി 2021ൽ അവസാനിച്ചതിനാൽ ഹർജിക്ക് പ്രസക്തി നഷ്ടമായെന്നും കോടതി വിധിച്ചു.



