അരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതി

കൊച്ചി: അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് മതിയായ തെളിവില്ലെന്ന് കോടതി. ഫോൺ രേഖകളുടെ പരിശോധനയിലും വീഴ്ച്ച. സിബിഐയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. അധിക അവസരം നൽകിയിട്ടും രണ്ട് പ്രധാന സാക്ഷികളെ ഹാജരാക്കാനായില്ല. കത്തി ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച മഹസർ വിശ്വസനീയമല്ലെന്നും കോടതി.
ഫോൺ രേഖകളുടെ പരിശോധനയിലും വീഴ്ചയുണ്ടായി. ആരോപണവിധേയമായ ഫോൺ നമ്പർ 31-ാം പ്രതിയുടേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആ നമ്പർ മറ്റൊരാളുടേതെന്ന് രേഖകൾ. 10, 11 പ്രതികൾ മൊബൈൽ ഫോണിലൂടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്ന ആരോപണം. എന്നാൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നില്ല. പി.ജയരാജന്റെയും, ടി.വി രാജേഷിന്റെയും ഫോൺ രേഖകൾ ശേഖരിച്ചിരുന്നില്ല. ഇതെല്ലാം ഗൂഢാലോചന തെളിയിക്കുന്നതിൽ തിരിച്ചടിയായെന്ന് വിചാരക്കോടതി ചൂണ്ടിക്കാണിച്ചു.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ തെളിവ് നശിപ്പിച്ച കെ വി സജിത്ത് എന്നിവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ ഷുക്കൂറിനെ കുത്തിയ രണ്ടാമനായ പി.ഗണേശനെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വൻ തിരിച്ചടിയായി. 18 പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



