കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചതായി പരാതി

മലമ്പുഴ ചെറാടിൽ ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചതായി പരാതി. ചെറാടിലെ കാട്ടിൽ തീയിട്ടെന്ന് ആരോപിച്ചായിരുന്നു മർദനം. ചെറാട് സ്വദേശി രാധക്കാണ് മർദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്കടക്കം രാധ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യുവാവ് പറയുന്നു.
കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനംവകുപ്പ് വാച്ചർമാർ ചേർന്ന് മർദിച്ചത്. ഗോപാലൻ എന്നയാളുടെ വീട്ടിൽ ജോലിക്ക് ചെന്നതായിരുന്നു യുവാവ്. പത്തോളം വനംവകുപ്പ് ഉദ്യോഗസ്ഥർ വന്നാണ് യുവാവിനെ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതെന്നാണ് ആരോപണം
പ്രദേശത്തെ കുറുമ്പാച്ചി മലയിൽ നിന്ന് പുക ഉയരുന്നത് കണ്ടെന്നും തീവെച്ചത് താനാണെന്നും പറഞ്ഞാണ് മർദിച്ചതെന്ന് യുവാവ് പറയുന്നു. പണി ഇല്ലാത്ത സമയത്ത് കാട്ടിൽ തേൻ എടുക്കാൻ പോകാറുണ്ടെന്നും തീയിടാറില്ലെന്നും യുവാവ് പറഞ്ഞു


