Kerala

റിയൽ കേരളാസ്റ്റോറി; ആറ്റുകാൽ പൊങ്കാല വരികയാണ്, ആവശ്യത്തിന് ഭക്ഷണവും പാനീയവും ഒരുക്കണം: അവരെ സ്വീകരിക്കൽ നമ്മുടെ കടമയാണെന്ന് പാളയം ഇമാം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാന്‍ വീടുകളും മസ്ജിദുകളും തുറന്ന് നല്‍കണമെന്നും ഇമാം ആഹ്വാനം ചെയ്തു. ജുമാ നമസ്കാര സമയത്തായിരുന്നു ഇമാം ഇക്കാര്യം പറഞ്ഞത്.

‘ആറ്റുകാല്‍ പൊങ്കാല വരികയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നത് പോലെ പലനാട്ടില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തര്‍ തിരുവനന്തപുരത്തേയ്ക്ക് ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവര്‍ക്ക് വിശ്രമിക്കാന്‍ തുറന്നു കൊടുക്കുക’, സുഹൈബ് മൗലവി പറഞ്ഞു.

നോമ്പ് (റമദാൻ) ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റുമെന്നും ഇമാം പറഞ്ഞു.

ഇമാം നൽകിയ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇമാമിന്റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയര്‍ ചെയ്ത് ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുന്നത്.

തിരുവനന്തപുരത്ത് പെൺമയുടെ ഉത്സവത്തിനൊപ്പം മതമൈത്രിയുടെ സന്ദേശം പകരുന്ന ചടങ്ങുകൂടിയാണ് പൊങ്കാല മഹോത്സവം. പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനിൽക്കുന്ന ഭക്തർക്കായി എല്ലാവർഷവും പാളയം മസ്ജിദും സെന്‍റ് ജോസഫ് പള്ളിയുടെയും വാതിലുകൾ തുറന്നിടാറുണ്ട്.

See also  ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

Related Articles

Back to top button