Kerala

മുൻ മന്ത്രി കെ.ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ സംഘടിപ്പിച്ച വിജയോത്സവ അനുമോദന ചടങ്ങിൽ വിദ്യാർഥികളോട് മോശമായി പെരുമാറുകയും മാനസിക പ്രയാസം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

​മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. ഹിന്ദിയിൽ ‘എ പ്ലസ്’ നേടിയ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും മേൽവിലാസവും ഹിന്ദിയിൽ എഴുതാൻ കെ.ടി ജലീൽ ആവശ്യപ്പെടുകയായിരുന്നു.

​കുട്ടികൾ എഴുതിയതിൽ ചില ചെറിയ അക്ഷരപ്പിശകുകൾ കണ്ടതിനെ തുടർന്ന്, “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് സദസ്സിന് മുന്നിൽ വെച്ച് ജലീൽ പരസ്യമായി ചോദിക്കുകയും ശാസിക്കുകയും ചെയ്തു. തുടർന്ന് തെറ്റ് വരുത്തിയ കുട്ടിയെ വേദിയിൽ വെച്ച് ചെവിയിൽ നുള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മികച്ച വിജയം നേടി അനുമോദനം ഏറ്റുവാങ്ങാൻ എത്തിയ കുട്ടികളെ പരസ്യമായി നാണംകെടുത്തുന്ന രീതിയിലുള്ള മുൻ മന്ത്രിയുടെ പെരുമാറ്റം വലിയ രീതിയിലുള്ള മാനസിക പ്രയാസത്തിന് കാരണമായി.

​അനുമോദന ചടങ്ങിൽ കുട്ടികളെ പരസ്യമായി അപമാനിക്കുകയും കായികമായി ഉപദ്രവിക്കുകയും ചെയ്തത് ഗുരുതരമായ ബാലാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ കെ.ടി ജലീലിനെതിരെ രംഗത്തുവരികയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബാലാവകാശ കമ്മീഷന്റെ അടിയന്തര ഇടപെടലും കേസ് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നത്.

See also  അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണം: കെസി വേണുഗോപാൽ

Related Articles

Back to top button