റവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി എന്നല്ല; ആർ എസ് പി നേതാവ് രാജിവെച്ചു

ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ആർ എസ് പിയിൽ ആഭ്യന്തര കലഹം രൂക്ഷം. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചു
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻകെ പ്രേമചന്ദ്രന്റെ താത്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ നിശ്ചയിച്ചതിനാണ് രാജിയെന്ന് നൗഷാദ് പറഞ്ഞു. സ്വന്തം മകന് സീറ്റ് നൽകണമെന്ന പ്രേമചന്ദ്രന്റെ ദുർവാശിയാണ് പാർട്ടിയുടെ വിജയസാധ്യത ഇല്ലാതാക്കാൻ കാരണമായതെന്നും നൗഷാദ് പറഞ്ഞു
ആർ എസ് പി എന്നത് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയാണ്. അല്ലാതെ റവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി എന്നല്ലെന്നും നൗഷാദ് തുറന്നടിച്ചു. പാർട്ടിയുടെ ഐക്യം നിലനിർത്താൻ എന്ന പേരിൽ പ്രേമചന്ദ്രൻ തന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. നിരവധി നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നും നൗഷാദ് പറഞ്ഞു.



