ആന്റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം
കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളത്. പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരിച്ചേൽപ്പിച്ചപ്പോഴും ഒപ്പിട്ടത് ആന്റണി രാജുവാണെങ്കിലും കൃത്രിമം നടത്തിയത് അദ്ദേഹം തന്നെയാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു
സംഭവസമയത്ത് ജൂനിയർ അഭിഭാഷകൻ മാത്രമായിരുന്നു ആന്റണി രാജു. എന്തുകൊണ്ട് ആന്റണി രാജുവിനെതിരെ മാത്രം നടപടി വന്നുവെന്നും അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു. ശിക്ഷ മരവിപ്പിക്കുകയാണെങ്കിൽ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം തിരികെ കിട്ടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യാം



