Kerala

സ്ഥാനാർത്ഥി ചർച്ചയിൽ അടക്കം എം പിയെന്ന പരിഗണന പോലും ലഭിച്ചില്ല; അതൃപ്തി അറിയിച്ച് ശശി തരൂർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ കടുത്ത അതൃപ്തിയിൽ ശശി തരൂർ എംപി. കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകളില്‍ അവഗണിച്ചെന്ന പരാതിയാണ് തരൂർ ഉയർത്തുന്നത്. സ്ഥാനാർത്ഥി ചർച്ചകളിലും മറ്റും ലോക്സഭ എംപി എന്ന പരിഗണന പോലും ഉണ്ടായില്ല എന്നാണ് പരാതി. ഇതിലുള്ള അതൃപ്തി തരൂർ ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. പ്രചാരണം അടക്കമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തരൂർ ക്യാമ്പ് ആലോചിക്കുന്നുണ്ട്.

താൻ എംപിയായിരിക്കുന്ന മണ്ഡലത്തിലെ കാര്യങ്ങൾ പോലും തന്നെ അറിയിക്കുന്നില്ല എന്നാണ് തരൂരിന്റെ പരാതി. തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് കൈമാറുന്നതടക്കമുള്ള ചർച്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു തരൂർ അതൃപ്തി പരസ്യമാക്കിയത്. തരൂരിന്റെ വ്യക്തിപ്രഭാവം അടക്കം പ്രതിഫലിക്കുന്ന മണ്ഡലമാകും തിരുവനന്തപുരം. അതിനാൽ തരൂർ ഇടഞ്ഞാൽ തലസ്ഥാനത്ത് കോൺഗ്രസിന്റെ മുന്നേറ്റം എങ്ങനെയാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

അതേസമയം, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ പ്രതിസന്ധി തുടരുക തന്നെയാണ്. കണ്ണൂരിൽ മത്സരിക്കണം എന്ന ആവശ്യവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. കെ സുധാകരനുമായി സംസാരിച്ചുവെന്നും അദ്ദേഹം ഡൽഹിയിലേക്ക് വരുമെന്നും അല്പസമയം മുൻപ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിൽ എന്ത് ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇടഞ്ഞുനിൽക്കുന്ന സുധാകരൻ ഡൽഹിയിലേക്ക് പോകാൻ കൂട്ടാക്കിയിരുന്നില്ല.

ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ചെന്നിത്തല സുധാകരനെ വിളിച്ചിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നും ഡൽഹിയിലേക്ക് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ അനുനയത്തിന് വഴങ്ങാത്ത സുധാകരൻ താൻ മത്സരത്തിൽ നിന്നും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ്. അങ്ങനെയിരിക്കെയാണ് സുധാകരൻ ഡൽഹിയിലേക്ക് വരുമെന്ന് ചെന്നിത്തല ഉറപ്പുനൽകുന്നത്.

നിലവിൽ കണ്ണൂരിലെ വീട്ടിലാണ് സുധാകരൻ ഉള്ളത്. പല ജില്ലകളിൽ നിന്നുള്ള സുധാകരന്റെ അനുയായികൾ കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിൽ ഇറക്കരുത് എന്നും രമേശ് ചെന്നിത്തല സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഹുൽ ഗാന്ധി വിളിച്ച കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് വരാനും സുധാകരനോട് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ സീറ്റ് ഉണ്ടെങ്കിൽ മാത്രം ഡൽഹിക്ക് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ

See also  ആലപ്പുഴയിൽ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനാവാത്ത സംഭവം; 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്‌തു

Related Articles

Back to top button