Kerala

മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേക്കോ; മാധ്യമ സർവേകൾ പറയാതെ പറയുന്നത്‌

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഏപ്രിൽ 9ന് കേരള ജനത വിധിയെഴുതാൻ ഇരിക്കുകയാണ്. ഇതിന് മുന്നോടിയായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം സർവേകൾ നടത്തിയിരുന്നു. കഴിഞ്ഞ പത്ത് വർഷം തുടർച്ചയായി അധികാരത്തിലിരുന്നതാണ് പിണറായി സർക്കാർ. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴും സംസ്ഥാനത്ത് അത്ര ശക്തമായ ഭരണവിരുദ്ധ വികാരമില്ലെന്നതാണ് ഓരോ സർവേയും പരിശോധിച്ചാൽ മനസിലാകുക. 

2021 വരെ മുന്നണികളെ മാറി മാറി പരീക്ഷിച്ചിരുന്ന ഒരു പൊതുസ്വഭാവമായിരുന്നു കേരള ജനതക്കുണ്ടായിരുന്നത്. എന്നാൽ 2021ൽ ചരിത്രം വഴിമാറുന്നതാണ് കണ്ടത്. ഏകദേശം അതേ സാഹചര്യം തന്നെയാണ് ഇത്തവണയും. നീണ്ട പത്ത് വർഷം ഭരിച്ച മുന്നണിയെ വീണ്ടും തെരഞ്ഞെടുക്കുന്നതിൽ കേരള ജനതക്ക് വിമുഖതയില്ലെന്നാണ് ഓരോ സർവേയും ഇഴകീറി പരിശോധിച്ചാൽ മനസിലാകുന്നത്. 

സര്‍വേകളും സര്‍ക്കാരും
 

ഓൺമനോരമയുടെ ഏറ്റവും പുതിയ പോൾ പ്രകാരം പത്ത് വർഷത്തെ ഭരണത്തിന്റെ തുടർച്ചയായി പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82% പേർ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും ‘വികസന പ്രതിച്ഛായ’ അതിനെയെല്ലാം മറികടക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന എല്ലാ മാധ്യമ സർവ്വേകളും എൽഡിഎഫിന് തന്നെ മുൻതൂക്കം നൽകുന്നു. 

കേരളത്തിന്റെ മുൻകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ (2021 കൂടാതെ) ഭരണപക്ഷത്തേക്കാൾ പ്രതിപക്ഷത്തിന് വോട്ടെടുപ്പിലും പ്രചരണത്തിലുമെല്ലാം മേൽക്കൈ ഉള്ളതായി കാണാനാകും. എന്നാൽ നിലവിലുള്ള സർവേകളെല്ലാം പത്ത് വർഷത്തെ ഭരണം ഇടതുമുന്നണിക്ക് മത്സരരംഗത്തു നൽകുന്ന വ്യക്തമായ മുൻതൂക്കത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

കഴിഞ്ഞ ദശകത്തിൽ കേരളത്തിലുണ്ടായ മാറ്റം അടിസ്ഥാന സൗകര്യ വികസനത്തിൽതന്നെ പ്രകടമാണ്. തടസപ്പെട്ട് കിടന്നതോ ഉപേക്ഷിച്ചതോ ആയ പല പ്രധാന പദ്ധതികളും എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കുകയോ മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തു. ദേശീയപാത വികസനം തന്നെ ഇതിന് ഉദാഹരണം. എൻഎച്ച് 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ 5,580 കോടി രൂപയാണ് ചിലവഴിച്ചത്.

സംസ്ഥാനത്തുടനീളം പുതിയ പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷൻ ഭവന പദ്ധതി (ഇതുവരെ ഏകദേശം 4.7 ലക്ഷം വീടുകൾ) എന്നിവ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. വിവാദങ്ങളേക്കാൾ ഇത്തരത്തിലുള്ള ‘വികസനത്തിനാണ്’ വോട്ടർമാർ മുൻഗണന നൽകുന്നതെന്നാണ് ഓൺമനോരമയുടെ സർവ്വേ പറയുന്നത്.

ഏതായാലും കേരളവും കേരള രാഷ്ട്രീയവും ഒരു വഴിത്തിരിവിലാണ് എന്ന് നിസംശയം പറയാം. വോട്ടർമാർ ഒരു സുസ്ഥിര സർക്കാരിനെ പിന്തുണയ്ക്കുമോ അതോ ചിതറിപ്പോകും വിധത്തിലുള്ള വിധിയെഴുത്തുണ്ടാകുമോ എന്നതാണത്. വികസനം നിലനിർത്താൻ വ്യക്തമായ ജനവിധി വേണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്. പിണറായി വിജയന്റെ പത്ത് വർഷത്തെ ഭരണം വളർച്ചയും സാമൂഹിക സ്ഥിരതയും കൊണ്ടുവന്നു എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. 

സംസ്ഥാനം ആദ്യമായി അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി 2025 നവംബർ 1-ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിനൊപ്പം 60 ലക്ഷത്തിലധികം കുടുംബങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും എല്ലാം ഭരണത്തുടർച്ചയ്ക്കുള്ള വാദങ്ങളായി അവർ ഉയർത്തുന്നു. നേരെമറിച്ച്, ഒരു തൂക്കുസഭ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയും ചെയ്യും

See also  രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ലല്ലോ; വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

വ്യവസായ രംഗത്തെ വിപ്ലവം

കേരളത്തെ കുറിച്ച് നിക്ഷേപകരുടെ മുൻധാരണകളെ പൊളിക്കാനായി എന്നാണ് എൽഡിഎഫ് പറയുന്നത്. വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് പ്രായോഗിക പദ്ധതികളായി മാറിയത്. ‘സംരംഭക വർഷം’ പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

പ്രതിപക്ഷം ക്രിയാത്മകമാണോ

അതേസമയം രണ്ട് ടേമിലായി പത്ത് വർഷം അധികാരത്തിലിരിക്കുന്ന സർക്കാരിനെ വെല്ലുവിളിക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല എന്നതും ചർച്ച ചെയ്യേണ്ടതാണ്. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ ഒന്നും തന്നെ ജനങ്ങളിലേക്ക് കാര്യമായി എത്തുന്നില്ല. കേരളത്തിന്റെ മുൻഗണനകളുമായി ഒത്തുപോകാൻ അവരുടെ ദേശീയ നേതൃത്വത്തിന് സാധിക്കുന്നില്ല. കേരളത്തിനു വെളിയിലെ വിദ്വേഷ- വിഭജന രാഷ്ട്രീയത്തിൽ ഇവിടുത്തെ വോട്ടർമാർക്ക് താൽപര്യമില്ലെന്നാണ് ഓരോ വിലയിരുത്തലുകളിലും കാണുന്നത്.

ഒരുമയുടെ കേന്ദ്രമായി കേരളം ഇന്നു നിലനിൽക്കുന്നതിൽ ഇടതുപക്ഷത്തിന്റെ സെക്യുലർ ഭരണം തീർച്ചയായും വലിയ പങ്കുവഹിക്കുന്നുണ്ട്. ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടർമാരെ കാര്യമായി സ്വാധീനിക്കുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ മനോഭാവം വ്യക്തമാണ്. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്കാണ് ജനങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
 

Related Articles

Back to top button