Kerala

വെളിച്ചം പകര്‍ന്നവര്‍ക്ക് വിട; നൊമ്പരമായി പാങ്ങ്, മൃതദേഹവുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പാങ്ങ് എച്ച്എസ്എസിലേക്ക് എത്തി. പൊതുദര്‍ശനം അല്‍പ്പസമയത്തിനകം ആരംഭിക്കും. പാങ്ങ് ജിഎല്‍പി, ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആദ്യം മൃതദേഹങ്ങള്‍ കാണുക. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്. ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷഹദിന്‍ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. ഷഹദിന്‍ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പറഞ്ഞു. സാഹചര്യം നോക്കി കേരളത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര മണിക്കൂറാണ് സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാവുക. കുട്ടികള്‍ക്ക് വലിയ ഷോക്കാണ് ഉണ്ടായതെന്നും അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

പ്രധാന അധ്യാപിക പുലാമന്തോള്‍ സ്വദേശി അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകന്‍ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

ഇന്നലെ വൈകുന്നേരം 5.20നാണ് വാല്‍പ്പാറയില്‍ അപകടം നടന്നത്. മിനിവാന്‍ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനം പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വാഹനം പൂര്‍ണമായും തകര്‍ന്നു.

പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. പാങ്ങ് എല്‍പി സ്‌കൂളിലെ അധ്യാപകര്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് ദുരന്തമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു. പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, മജീദ്, ഷക്കീല, സുഹറയുടെ മകന്‍ ഹിഷാം, മജീദിന്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത എന്നിവരാണ് മരിച്ചത്.

See also  ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല, അത് വ്യക്തിപരമായ തീരുമാനം: മന്ത്രിയുടെ വിമർശനത്തോട് പ്രതികരിച്ച് ആശ ശരത്ത്

Related Articles

Back to top button