കോടാലിയിൽ പാമ്പുകടിയേറ്റ അനോഷിന് ഇന്ന് പിറന്നാൾ; കേക്ക് മുറിച്ച് ആഘോഷം: നാളെ ആശുപത്രി വിടുമെന്ന് ഡോക്ടർ

തൃശൂര്‍: കോടാലിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് നാളെ ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ശാരീരികമായും മാനസികമായും കുട്ടി ആരോഗ്യം വീണ്ടെടുത്തു. ഇന്ന് ഡോക്ടര്‍മാരോടൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചുവെന്നും ഡോക്ടർ പറഞ്ഞു.
തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്കായിരുന്നു പാമ്പ് കടിയേറ്റത്. തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.
വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും അല്‍ജോയ്ക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിരുന്നു. അതിനിടെ അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടെത്തിയത് ആശ്വാസമായി.



