Kerala

ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യന്യൂനമര്‍ദം രൂപപ്പെട്ടു. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി നിലനിന്ന ചക്രവാതചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉത്തര കര്‍ണാടക മുതല്‍ മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലുള്ള ചക്രവാതചുഴി വരെ ദക്ഷിണ കര്‍ണാടക, തമിഴ്നാടിന് മുകളിലൂടെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ കൂടി സ്വാധീനഫലമായി അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പഴ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

See also  ആലപ്പുഴയിലെ 28കാരിയുടെ കൊലപാതകം: അമ്മയും അമ്മാവനും കൂടി അറസ്റ്റിൽ

Related Articles

Back to top button