Kerala

​വി.ഡി. സതീശൻ ലോക്ഭവനിലെത്തി ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ലോക്ഭവനിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തുമണിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചയുമുണ്ടാകും. തിങ്കളാഴ്ചയ്ക്ക് മുമ്പായി മന്ത്രിമാരെ തീരുമാനിക്കും. എന്‍ ശക്തന്‍ പ്രോട്ടേം സ്പീക്കര്‍ ആകും.

വൈകിട്ട് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ വി ഡി സതീശനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അതിവേഗത്തില്‍ മന്ത്രിസഭ രൂപീകരിക്കാനാണ് ശ്രമം. മന്ത്രിസഭാ ചര്‍ച്ചയ്ക്ക് നാളെ കെ സി വേണുഗോപാലെത്തും. രമേശ് ചെന്നിത്തലയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

കെ മുരളീധരന്‍, സണ്ണി ജോസഫ്, എ പി അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകും. കെ പ്രവീണ്‍കുമാര്‍, ടി സിദ്ദിഖ്, ടി ജെ വിനോദ്, എം ലിജു, ജി സുധാകരന്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും പരിഗണനയിലുണ്ട്.

അതേസമയം, പ്രതിപക്ഷ നിരയെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ സിപിഐഎം തീരുമാനമെടുത്തത്.

ഇതോടെ സഭയിൽ വീണ്ടും വി ഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. കസേരയിൽ മാറ്റമുണ്ടെന്ന് മാത്രം. പത്ത് കൊല്ലം കേരളം ഭരിച്ച പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കാനിറങ്ങുമ്പോൾ എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങളാവും സംസ്ഥാനം അഭിമുഖീകരിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

See also  വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി മുഖ്യമന്ത്രിയുടേത് അനാവശ്യ ധൃതി: ഗുരുതര ആരോപണങ്ങളുമായി പിണറായി വിജയൻ

Related Articles

Back to top button