കെഎസ്ആർടിസിയിലെ സൗജന്യയാത്ര വോട്ട് തന്ത്രമല്ല, ജനങ്ങളോടുള്ള പ്രതിബദ്ധത; ജൂൺ 15ന് പദ്ധതി യാഥാർത്ഥ്യമാകും: മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി കേവലം വോട്ട് തന്ത്രമല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഗ്യാരന്റികളിൽ പ്രധാനപ്പെട്ട ഒന്നായ ഈ പദ്ധതി, ജനങ്ങളോടുള്ള മുന്നണിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിൽ യാതൊരുവിധ അവ്യക്തതയുമില്ലെന്നും പ്രഖ്യാപിച്ചതുപോലെ ജൂൺ 15 മുതൽ തന്നെ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൗജന്യ യാത്ര അനുവദിക്കുന്നത് വഴി കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലാകുമെന്ന പ്രതിപക്ഷത്തിന്റെ (എൽഡിഎഫ്) വിമർശനങ്ങളെ മന്ത്രി ശക്തമായി തള്ളി. സൗജന്യ യാത്ര നൽകിയാൽ കെഎസ്ആർടിസി പൂട്ടിപ്പോകുമെന്ന ഭയം സർക്കാരിനില്ല. കെഎസ്ആർടിസിയുടെ ചെലവിലല്ല ഈ പദ്ധതി നടപ്പാക്കുന്നത്. അതിനായുള്ള തുക സർക്കാർ കൃത്യമായി കണ്ടെത്തി സബ്‌സിഡിയായി കോർപ്പറേഷന് നൽകും. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും കേരളത്തിലും ഇത് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.



