വരും ദിവസങ്ങളിലെ അന്തരീക്ഷ മാറ്റങ്ങൾ നിരീക്ഷിക്കും

സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിച്ചതുപോലെ നാളെ എത്തിയേക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൺസൂൺ കാറ്റ് ദുർബലമായ സാഹചര്യം നില നിൽകുന്നതിനാലാണ് കാലവർഷം എത്താൻ വൈകുന്നത്. കാലവർഷം എന്ന് എത്തുമെന്ന കാര്യത്തിൽ നാളെ (മെയ് 26) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിശദീകരണം ഉണ്ടാകും.
എൽനിനോ പ്രതിഭാസം കാലവർഷത്തെ സാരമായി ബാധിക്കും എന്ന ആശങ്ക കൂടി നിലനിൽക്കുന്നുണ്ട്. മഴയുടെ അളവിലും ദിവസങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. കാലവർഷം ദുർബലമാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. കാലവർഷം എത്തിയില്ലെങ്കിലും നിലവിലെ മഴ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ ലഭിച്ചിരുന്നു.
ഭൂമധ്യരേഖ മുതൽ 10° ഉത്തര അക്ഷാംശം വരെയും, 55° – 80° കിഴക്ക് രേഖാംശം വരെയുള്ള മേഖലയിലായി 600 hPa ( 4 .2 km ) വരെയായുള്ള ഉയരത്തിൽ പടിഞ്ഞാറൻ കാറ്റിൻ്റെ സാന്നിധ്യം. 5°-10°ഉത്തര അക്ഷാംശം, 70°-80°കിഴക്ക് രേഖാംശം വരെയുള്ള മേഖലയിയിൽ 925 hPa-( 750 m ) ഉയരം വരെ കാറ്റിൻ്റെ വേഗത 15 മുതൽ 20 kts വരെ ( 27 .8 -.37 km /hr ) ആയിരിക്കണം. താഴ്ന്ന ലെവലിൽ പടിഞ്ഞാറൻ കാറ്റ് നിലവിൽ ഉണ്ടെങ്കിലും 4 കിലോ മീറ്റർ ഉയരം വരെ എത്തിയിട്ടില്ല . ഇതാണ് പ്രധാനമായും കേരളത്തിൽ കാലവർഷം പ്രഖ്യാപിക്കാൻ വൈകുന്നത്.
കഴിഞ്ഞ ആറ് വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 2023 ലാണ് കാലവർഷം കേരളത്തിൽ ഏറ്റവും വൈകി എത്തിയത്. അന്ന് ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്. 2020 ൽ ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നാണ് പ്രവചനം എങ്കിലും ജൂൺ ഒന്നിന് തന്നെ കാലവർഷമെത്തി. 2021 ൽ മെയ് 31 ന് കാലവർഷം എത്തും എന്ന് പ്രവചനം ഉണ്ടായെങ്കിലും ജൂൺ 3 ലാണ് കാലവർഷം എത്തിയത്. 2022ൽ മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും 29 ഓടെയാണ് കാലവർഷം കേരളത്തിൽ എത്തിയത്.
2023ൽ ജൂൺ നാലിന് കാലവർഷം എത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്. 2024 മെയ് 31ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും മുപ്പതിന് കാലവർഷമെത്തി. 2025 മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചനം ഉണ്ടായെങ്കിലും മെയ് 24ന് തന്നെ കേരളത്തിൽ കാലവർഷം എത്തി 16 വർഷത്തെ ഇടവേളക്ക് ശേഷം ആയിരുന്നു ഇത്രയും നേരത്തെ കാലവർഷം കേരളത്തിൽ എത്തിയത്.
കടൽ പ്രക്ഷുബ്‌ധം ; മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്
കേരള തീരത്തും ലക്ഷദ്വീപ് ഭാഗങ്ങളിലും കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. തീരദേശവാസികളും വേലിയേറ്റ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
കാലവർഷത്തിൻ്റെ മുന്നോടിയായുള്ള ഈ മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയും അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടുകയും ചെയ്യുക.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



