ലഹരി കേസുകളിൽ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും: ഗവർണർ

ലഹരി കേസുകളിൽ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. എക്സൈസ് വകുപ്പ് നവീകരിക്കുമെന്നും മദ്യസക്തി കുറക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ പറഞ്ഞു
ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ കുറിച്ചും പരാമർശിച്ച ഗവർണർ, കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ലഹരി മാഫിയയെ തുടച്ചുനീക്കാനായി കേരള ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളുടെ വേരറുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂളുകളും എക്സൈസ് വകുപ്പുമായി ചേർന്ന് പ്രത്യേക ബോധവൽക്കരണവും നിരീക്ഷണവും നടത്തും.
സിന്തറ്റിക് ഡ്രഗ്സ്, രാസലഹരികൾ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തടയുകയും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, റിസോർട്ടുകൾ, ആഡംബര ബോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തും.
കൂടാതെ, ലഹരിയുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി യോജിച്ച് പ്രവർത്തിക്കും.



