Kerala

എം എസ് സി കപ്പലിലെ നാവികരെ തടഞ്ഞുവെച്ച കേന്ദ്രനടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഷിപ്പിംങ് ഡയറക്ടർ മറുപടി നൽകണം

കൊച്ചി: എംഎസ് സി എല്‍സ 3 കപ്പലിലെ ഏഴ് നാവികരെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഭവത്തിൽ കേന്ദ്ര ഷിപ്പിങ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി രം​ഗത്തെത്തിയത്. നാവികർക്കെതിരായ അന്വേഷണം തോന്നിയ പോലെയാണെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതിൽ കോടതി വിശദീകരണം ചോദിച്ചു. എംഎസ് സി എല്‍സ 3 കപ്പലിലെ ഏഴ് നാവികർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

തടഞ്ഞുവെയ്ക്കപ്പെട്ട നാവികരുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയെന്നും നാവികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും കോടതി വിമർശിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി പ്രതികരിച്ചത്. ഒരു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. സ്വദേശത്തേക്ക് മടങ്ങാനായില്ലെങ്കില്‍ നാവികര്‍ക്ക് മാനസികാഘാതമുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ നാവികര്‍ക്ക് രാജ്യത്ത് തുടരാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദേശ രാജ്യത്ത് ആഡംബരത്തിന്റെ മടിത്തട്ടില്‍ കഴിഞ്ഞാലും മാനസികപ്രശ്‌നമുണ്ടാക്കുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നാവികരുടെ ഹര്‍ജിയില്‍ ജൂണ്‍ എട്ടിനകം ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വർഷം മെയ് മാസം അവസാനത്തോടെയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി കണ്ടെയ്നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

See also  ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം

Related Articles

Back to top button