Kerala

ബന്ധുനിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ അളിയൻ ബെന്നി തോമസ് രാജിവെച്ചു: രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്ന ബന്ധുനിയമനത്തിൽ ഒടുവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാജി സമർപ്പിച്ചു. വൈദ്യുതി-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി (APS) ആയി നിയമിതനായ ബെന്നി തോമസ് ആണ് പദവി രാജിവെച്ചത്. തന്റെ രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

​മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവായ (അളിയൻ) ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. നിയമന വാർത്ത പുറത്തുവന്നതു മുതൽ പ്രതിപക്ഷമായ സി.പി.ഐ.(എം) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമനം സ്വജനപക്ഷപാതമാണെന്നും ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ആരോപിച്ച് ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും നിയമസഭയിലടക്കം ഈ വിഷയം ചർച്ചയാവുകയും ചെയ്തു.

​എന്നാൽ, ബെന്നി തോമസ് കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയാണെന്നും വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളായതിനാലാണ് നിയമിച്ചതെന്നും വ്യക്തമാക്കി മന്ത്രി സണ്ണി ജോസഫും മറ്റ് കോൺഗ്രസ് നേതാക്കളും നിയമനത്തെ ന്യായീകരിച്ചിരുന്നു. തന്റെ ചീഫ് ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് ബെന്നി തോമസെന്നും യോഗ്യത നോക്കിയാണ് നിയമനമെന്നും മന്ത്രി കഴിഞ്ഞ ദിവസങ്ങളിലും ആവർത്തിച്ചിരുന്നു.

​എന്നാൽ, വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലും പാർട്ടിക്ക് ഉള്ളിൽ നിന്നുള്ള സമ്മർദ്ദങ്ങളെയും തുടർന്നാണ് ഇപ്പോൾ രാജി എന്നാണ് സൂചന. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അളിയന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.

See also  നിപ: തിരുവാലിയിൽ ആരോഗ്യവകുപ്പിന്റെ സർവേ തുടരും; സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതർ

Related Articles

Back to top button