Kerala

പൊലീസിനെ ആക്രമിച്ച സംഭവം; ബിജെപി കൗൺസിലർ സുഗതനെതിരെ വീണ്ടും കേസ്: തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിൽ കഴിയവെ നാടകീയമായി അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ വി. സുഗതനെതിരെ (ആർ. സുഗതൻ) പൊലീസ് വീണ്ടും കേസെടുത്തു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് വട്ടിയൂർക്കാവ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

​നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെതിരെ നേരത്തെ കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. തുടർന്ന് ഒളിവിൽ പോയ സുഗതൻ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്.

​പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ സുഗതനും സഹോദരനും അനുയായികളും ചേർന്ന് പൊലീസിനെ വളയുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. സാഹചര്യം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ആത്മരക്ഷാർത്ഥം എസ്.എച്ച്.ഒ ആകാശത്തേക്ക് വെടിയുതിർത്താണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്.

​കാപ്പ നിയമപ്രകാരമുള്ള ഉത്തരവുള്ളതിനാൽ സുഗതനെ വിചാരണ കൂടാതെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

​അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തിയിട്ടുണ്ട്. വനിതാ പൊലീസുകാർ ഇല്ലാതെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പൊലീസ് സംഘം തങ്ങളെ മർദ്ദിച്ചുവെന്നും എന്റെ 14 വയസും എട്ടുവയസുമുള്ള മക്കളുടെ മുന്നില്‍ വച്ച് തള്ളിക്കയറി വന്ന് ഉപദ്രവിക്കുകയായിരുന്നു. താലിമാല വലിച്ച് പൊട്ടിച്ചുകൊണ്ടുപോയി. തിരികെ തന്നിട്ടില്ല. മുഖത്തടിച്ചു. മുതുകില്‍ ചവിട്ടി. സുഗതൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം. ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് എ.സി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

See also  വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് പാർട്ടി പരിപാടിക്കിടെ മർദനം

Related Articles

Back to top button