കൗൺസിലറുടെ അറസ്റ്റിൽ പോലീസിനെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: വധശ്രമക്കേസിലും കാപ്പ (KAAPA) നിയമപ്രകാരവും അറസ്റ്റിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ ന്യായീകരിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ ഐപിഎസ്. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ പോലീസ് നടത്തിയത് വെറും ‘പട്ടിഷോ’ ആണെന്നും ആകാശത്തേക്ക് വെടിയുതിർത്ത സിഐയുടെ നടപടി ‘ചീപ്പ് ഹീറോയിസം’ ആണെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഭരണം മാറിയിട്ടും പോലീസ് ഇപ്പോഴും സിപിഎമ്മിന്റെ അടിമകളായി തുടരുകയാണെന്നും അവർ ആരോപിച്ചു.
ജൂൺ 9-ന് രാത്രി സിപഎം നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീടിന് മുന്നിൽ അരങ്ങേറിയത്. ലോക മാഫിയ തലവനെയോ തീവ്രവാദിയെയോ പിടികൂടുന്ന രീതിയിലാണ് ഒരു കാപ്പ പ്രതിയെ പോലീസ് കൈകാര്യം ചെയ്തത്. വെറും നാലുപേർ മാത്രമുള്ള വീട്ടിലേക്ക് വലിയ സായുധ പോലീസ് സംഘത്തെ അയച്ചത് ഭയപ്പെടുത്താനായിരുന്നു. തോക്ക് ചൂണ്ടി പേടിപ്പിച്ചതും, സ്ത്രീകളെ ശാരീരികമായി ആക്രമിച്ചതും പോലീസിന്റെ അതിക്രമമാണെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി.
”സുഗതൻ ഒരു ഗുണ്ടയല്ല, ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. വട്ടിയൂർക്കാവിലെ അനധികൃത പ്രവൃത്തികളെ ചോദ്യം ചെയ്യുകയും നാട്ടുകാർക്ക് വേണ്ടി പൊരുതുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ എടുത്തത്.” — ആർ. ശ്രീലേഖ
വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അവിടെ നിയമിച്ചതെന്നും ശ്രീലേഖ ആരോപിച്ചു. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസുകാരനല്ല, മറിച്ച് ‘ഇണ്ടി’ (INDIA) മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ലെന്നും കടുത്ത രാഷ്ട്രീയ വിമർശനമുന്നയിച്ചുകൊണ്ട് മുൻ ഡിജിപി കൂട്ടിച്ചേർത്തു.
വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുഗതനെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തിരുന്നു. നിലവിൽ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.



