ശബരിമല സ്വര്‍ണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല അയ്യപ്പ സേവാ സമാജം. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയര്‍മാന്‍, ആര്‍. മുരുകന്‍ സെല്‍വന്‍ ആണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും, സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും മുരുകന്‍ സെല്‍വന്‍ പറഞ്ഞു.
നിലക്കലും പമ്പയിലും സന്നിധാനത്തുമായി തീര്‍ത്ഥാടനകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വേണ്ടി നിരവധി നടപടികളുണ്ടാകണം. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഭക്തര്‍ക്ക് സേവനം നല്‍കുന്നതിനായി ശബരിമല അയ്യപ്പ സേവാ സമാജം പോലുള്ള അംഗീകൃത അയ്യപ്പ സംഘടനകള്‍ക്ക് അനുവാദം നല്‍കണമെന്നും ആര്‍. മുരുകന്‍ സെല്‍വന്‍ ആവശ്യപ്പെട്ടു. കൂടാതെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വരുമാനമുണ്ടാക്കാനുള്ള ഒരു സ്ഥാപനം മാത്രമായി ശബരിമലയെ കാണാതെ ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രമായി കാണണം. സാധാരണ ഭക്തന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്ന നയങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പസേവ സമാജം, ഭൂതനാഥ ട്രസ്റ്റ്, അഖില ഭാരത അയ്യപ്പസേവാ സംഘം തുടങ്ങിയ അംഗീകൃത സംഘടനകള്‍ക്കു സന്നിധാനത്തും ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന മറ്റ് ക്ഷേത്രങ്ങളിലും അന്നദാനം നല്‍കുന്നതടക്കമുള്ള സേവന പ്രവര്‍ത്തനങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ ഭക്തരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സുതാര്യവും നിയന്ത്രിതവുമായ ഒരു ചട്ടക്കൂടിന് കീഴില്‍ അന്നദാനം സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അംഗീകൃത അയ്യപ്പ ഭക്തജന സംഘടനകളെ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭക്തര്‍ക്ക് നിലയ്ക്കലിനും പമ്പയ്ക്കും ഇടയിലുള്ള ഗതാഗതം സൗജന്യമായി ലഭ്യമാക്കണമെന്നും അയ്യപ്പ സേവാ സമാജം ചെയര്‍മാന്‍ ആവശ്യപ്പെട്ടു. KSRTCക്ക് അത്തരം സേവനങ്ങള്‍ സ്വതന്ത്രമായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അത്തരത്തില്‍ സര്‍വീസ് നടത്തുന്ന സംഘടനകളോട് സഹകരിക്കാന്‍ അയ്യപ്പ സേവാ സമാജം ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
എരുമേലി, അഴുത, കരിമല വഴിയുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ വരുന്ന ഭക്തര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പരമ്പരാഗത പാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടിയിലേക്ക് നേരിട്ട് എത്തുന്നതിന് കരിമലയില്‍ നേരത്തെ നല്‍കിയിരുന്ന പാസ് സംവിധാനം പുനഃസ്ഥാപിക്കണം. വിദഗ്ധര്‍, അയ്യപ്പ ഭക്ത സംഘടനാ പ്രതിനിധികള്‍, ശബരിമല വികസനത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളവര്‍ എന്നിവരുമായി കൂടിയാലോചിച്ച് ശബരിമലയ്ക്കായി 50 വര്‍ഷത്തെ സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തീര്‍ത്ഥാടക സൗകര്യങ്ങള്‍, ജനക്കൂട്ട നിയന്ത്രണം, ശുചിത്വം, ഗതാഗതം, പരിസ്ഥിതി സംരക്ഷണം, ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ അഭിസംബോധന ചെയ്യുന്നതായിരിക്കണം പദ്ധതി.
പൊതുജനാഭിപ്രായം തേടിയ ശേഷം സുതാര്യവും സമയബന്ധിതവുമായ രീതിയില്‍ പദ്ധതി നടപ്പിലാക്കണം.
കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആധുനിക ക്യൂ മാനേജ്‌മെന്റ് സൗകര്യങ്ങള്‍ വികസിപ്പിക്കണം. 500 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തോട് കൂടി ക്യു കോംപ്ലക്‌സ് വേണം. കുടിവെള്ളം, ശൗചാലയം, ലഘു ഭക്ഷണം ലഭ്യമാകുന്ന കടകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്യൂ കോംപ്ലക്‌സില്‍ ഉണ്ടാകണം. കുഞ്ഞു കുട്ടികളും വൃദ്ധന്മാരുമായി കൂട്ടത്തോടെ വരുന്ന അയ്യപ്പ ഭക്തന്മാര്‍ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും ഇല്ലാതെ ക്യൂ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഇല്ലാതാകണം.
ശബരിമല സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദീര്‍ഘകാല അടിസ്ഥാനസൗകര്യ ആസൂത്രണം അനിവാര്യമാണ്.
ഈ സാഹചര്യത്തില്‍, ക്ഷേത്ര വികസനത്തിനും ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും മാത്രമായി സുതാര്യത, ഉത്തരവാദിത്തം, ക്ഷേത്ര വിഭവങ്ങളുടെ ശരിയായ ഉപയോഗം എന്നിവ ഉറപ്പാക്കുന്ന ഒരു ദേശീയ ക്ഷേത്ര ഭരണ ചട്ടക്കൂട് രൂപീകരിക്കണമെന്നും ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. മുതിര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അംഗീകൃത അയ്യപ്പ സംഘടനകളില്‍ നിന്നുള്ള പ്രതിനിധികള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ എന്നിവരുടെ പ്രാതിനിധ്യം ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര ശബരിമല അതോറിറ്റി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കാര്യക്ഷമമായ ഭരണനിര്‍വ്വഹണവും ദീര്‍ഘകാല ആസൂത്രണവും സാധ്യമാക്കുന്നതിന് ഇത് വളരെ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് അധികാരികള്‍, ദേവസ്വം മന്ത്രി, മുഖ്യമന്ത്രി, ബഹു. ഹൈക്കോടതിയിലുള്ള ദേവസ്വം ബെഞ്ച്, സ്പെഷല്‍ കമ്മീഷണര്‍ എന്നിവരെ കണ്ടു നിവേദനം സമര്‍പ്പിക്കുമെന്നും, അതോടൊപ്പം അയ്യപ്പ ഭക്തജനങ്ങളുടെ തീര്‍ത്ഥാടനം സുഗമമാക്കിന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമായി തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാ, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മുരുകന്‍ സെല്‍വന്‍ പറഞ്ഞു.



