Kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു

പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നതിനിടെ പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. രോഗബാധയെത്തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

​മൂന്ന് ദിവസം മുൻപാണ് മറിയയ്ക്ക് പനി ബാധിച്ചത്. തുടർന്ന് എലുമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറാൻ ആരോഗ്യ പ്രവർത്തകർ നിർദേശിച്ചെങ്കിലും ഇവർ തയ്യാറായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

​തുടർന്ന് ആരോഗ്യനില വഷളാവുകയും പനി കടുക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച വൈകീട്ടോടെ ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

​സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒപ്പം കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണവും ശക്തമാക്കാനും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

See also  അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം: നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button