Kerala

മധ്യപ്രദേശിലേക്ക് പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകും; കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം

കൊച്ചി: കുംഭമേളയിലെ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക് സുരക്ഷയൊരുക്കാൻ കേരള ഹൈക്കോടതിയുടെ അടിയന്തര ഉത്തരവ്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഖേന പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു.

​താൻ ഇപ്പോൾ ജീവനോടെയിരിക്കുന്നത് കേരളത്തിൽ ഉള്ളതുകൊണ്ടാണെന്നും, സ്വന്തം നാടായ മധ്യപ്രദേശിലേക്ക് മടങ്ങിപ്പോയാൽ ദുരഭിമാനക്കൊലയ്ക്ക് (Honor Killing) ഇരയാകേണ്ടി വരുമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. ഹർജിക്കാരിയുടെയും സർക്കാർ അഭിഭാഷകന്റെയും വാദങ്ങൾ പരിഗണിച്ച കോടതി, പെൺകുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി വ്യക്തമാക്കി. തുടർന്ന് കേസ് തീർപ്പാക്കുന്നതുവരെ ആവശ്യമായ സുരക്ഷ നൽകാൻ നിർദേശിക്കുകയായിരുന്നു.

​കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയുടെയും യുപി സ്വദേശിയായ മുഹമ്മദ് ഫർമാന്റെയും വിവാഹം. ഇതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

​പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെയും ദേശീയ പട്ടികവർഗ കമ്മീഷന്റെയും വാദം. എന്നാൽ തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. നിലവിൽ ഭർത്താവ് ഫർമാന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി ജൂലൈ 10-ലേക്ക് മാറ്റി.

See also  കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

Related Articles

Back to top button