എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആദർശും പ്രതിപ്പട്ടികയിൽ; ജാമ്യാപേക്ഷ ജൂലൈ 3-ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആദർശിനെയും പൊലീസ് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയ്ക്ക് വരും.
പ്രതികളുടെ ജാമ്യാപേക്ഷ ജൂലൈ 3-നാണ് കോടതി പരിഗണിക്കുക. കേസിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന നിലപാടിലാണ് ഇഡിയും പ്രൊസിക്യൂഷനും.
നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായത്. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇതിനകം തന്നെ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ആദർശിനെക്കൂടി പ്രതിപ്പട്ടികയിൽ ചേർത്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് പൊലീസ് നീങ്ങാനാണ് സാധ്യത.



