Kerala

മാസപ്പടി കേസ്; വീണ വിജയന്റെയും സിഎംആർഎൽ പ്രതിനിധികളുടെയും മൊഴികളിൽ വൈരുദ്ധ്യം: പരിശോധന ശക്തമാക്കി ഇ.ഡി

കൊച്ചി: വിവാദമായ സിഎംആർഎൽ മാസപ്പടി കള്ളപ്പണക്കേസിൽ നിർണായക തിരിവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴികളിൽ കടുത്ത വൈരുദ്ധ്യമുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഇതേത്തുടർന്ന് മൊഴിപ്പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇ.ഡി ഒരുങ്ങുകയാണ്.

​കഴിഞ്ഞ ദിവസം സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്തയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൊഴികളിലെ വൊരുദ്ധ്യം പുറത്തുവരുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐടി കമ്പനി സിഎംആർഎല്ലിന് കൃത്യമായി എന്ത് സേവനമാണ് നൽകിയത് എന്ന കാര്യത്തിലാണ് ഇരുവിഭാഗത്തിന്റെയും മൊഴികൾ തമ്മിൽ ഒത്തുപോകാത്തത്.

​ഒരു സേവനവും നൽകാതെയാണ് എക്സാലോജിക്കിന് സിഎംആർഎൽ 2.78 കോടി രൂപ നൽകിയതെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി വഴി എക്സാലോജിക്കിന് നൽകിയ 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

​സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കണ്ടെത്തിയ 134-ഓളം രേഖകളുടെ പകർപ്പുകൾ കോടതി അനുമതിയോടെ ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇവയുടെയും വീണയെ കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മൊഴികൾ ഒത്തുനോക്കുന്നത്. മൊഴികളിലെ വ്യക്തതക്കുറവ് പരിഹരിക്കാൻ സിഎംആർഎല്ലിലെ കൂടുതൽ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. കുറ്റമറ്റ രീതിയിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ തീരുമാനം.

See also  നിപ: തിരുവാലിയിൽ ആരോഗ്യവകുപ്പിന്റെ സർവേ തുടരും; സമ്പർക്ക പട്ടികയിലെ ഒരാളടക്കം 49 പനിബാധിതർ

Related Articles

Back to top button