Kerala

പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ടി ഹർജി നൽകി

കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസിലെ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ സമീപിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് അന്വേഷണ സംഘം ഹർജി നൽകിയിരിക്കുന്നത്.

​കേസിലെ സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ പ്രതി ബോധപൂർവ്വം ശ്രമിച്ചതായും, ജാമ്യത്തിൽ തുടരുന്നത് ബാക്കി അന്വേഷണത്തെയും തെളിവ് ശേഖരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടിയുടെ നീക്കം. ജിതിൻ ഭാസ്‌കർ തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതായി നേരത്തെ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. പ്രതി പുറത്തിറങ്ങുന്നത് മറ്റ് സാക്ഷികളെ സ്വാധീനിക്കാനും കൂടുതൽ തെളിവുകൾ നശിപ്പിക്കാനും ഇടയാക്കുമെന്നാണ് പ്രൊസിക്യൂഷൻ വാദം.

​വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ച് ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത് ജിതിൻ ഭാസ്‌കർ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകര കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കടുത്ത ഉപാധികളോടെ ജിതിൻ ഭാസ്‌കറിന് ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്ക് സി.പി.എം-ഡിവൈഎഫ്ഐ നേതൃത്വത്തിൽ വൻ സ്വീകരണവും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.

See also  ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി ശ്രമിച്ചു; പിണറായി തടഞ്ഞു, വി.ഡി സതീശൻ എത്തി മാറ്റി: ഗുരുതര ആരോപണവുമായി കെ.കെ രാഗേഷ്

Related Articles

Back to top button