Kerala

കണ്ണൂർ ചാലോടിൽ കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാല് വിദ്യാർത്ഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: ചാലോടിന് സമീപം അർദ്ധരാത്രിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ അലവിൽ സ്വദേശികളായ ഷാൻ, റിസ്‌വാൻ എന്നിവരും ഇവരുടെ സഹപാഠികളായ ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരുമാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​വെള്ളിയാഴ്ച രാത്രി 11:30 ഓടെ കണ്ണൂർ-മട്ടന്നൂർ റോഡിലായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് ഷാന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ തണൽ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

​ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിന് പിന്നാലെ കാറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാർ ഓടിയെത്തി വെള്ളമൊഴിച്ച് പുകയടക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നാല് പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Related Articles

Back to top button