Movies

അച്ഛന്റെ സിനിമയ്ക്ക് വഴിമാറി മകന്റെ ചിത്രം; റിലീസ് മാറ്റത്തിന് പിന്നിൽ ‘ജന നായകൻ’

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ ‘ജന നായകൻ’ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, മകൻ ജെയ്‌സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചു. ഈ മാസം 31-നായിരുന്നു ‘സിഗ്മ’ തീയേറ്ററുകളിൽ എത്തിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ‘ജന നായകൻ’ ഈ മാസം റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് അച്ഛന്റെ സിനിമയ്ക്കായി മകൻ വഴിമാറുന്നത്.

​ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന തമിഴ് – തെലുഗു ചിത്രമായ ‘സിഗ്മ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിരുന്നു. വിജയ്‌യുടെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസ് ചെയ്യുന്ന അതേ സമയത്തുതന്നെ ‘സിഗ്മ’യും തിയറ്ററുകളിൽ എത്തിയാൽ അത് ചിത്രത്തിന്റെ പ്രദർശനത്തെയും കളക്ഷനെയും ബാധിക്കുമെന്ന വിലയിരുത്തലിലാണ് റിലീസ് മാറ്റിവെച്ചത്. രണ്ട് ചിത്രങ്ങളും ഒരുമിച്ച് വന്നാൽ തിയറ്ററുകളുടെ എണ്ണം കുറയുമെന്ന ആശങ്കയും അണിയറപ്രവർത്തകർക്കുണ്ട്. നേരത്തെ അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ തമ്മിൽ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു.

​സുദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ ഓഗസ്റ്റ് മാസത്തിൽ തിയറ്ററുകളിലേക്ക് എത്തിയേക്കുമെന്നാണ് നിലവിലെ വിവരം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ്. തമനാണ്.

​അതേസമയം, ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന് സെൻസറിങ്ങിൽ ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 24-ന് ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് കാനഡയിലെയും തെലങ്കാനയിലെയും വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. എങ്കിലും നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെൻസറിങ് പൂർത്തിയായ വിവരം കഴിഞ്ഞ ദിവസം വിജയ് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

See also  വധക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വിഐപി ട്രീറ്റ്‌മെന്റ്; തെളിവായി ചിത്രങ്ങൾ പുറത്ത്

Related Articles

Back to top button