Kerala

മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം; എലത്തൂർ എംഎൽഎയ്ക്ക് ഡൽഹിയിൽ നിന്ന് വ്യാജ ഫോൺ കോൾ

കോഴിക്കോട്: മൂന്ന് കോടി രൂപ നൽകിയാൽ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് വാട്സാപ്പ് കോൾ എത്തിയത്. സംഭവത്തിൽ എംഎൽഎ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി.

​ജൂലൈ ആറിനാണ് എംഎൽഎയ്ക്ക് തട്ടിപ്പ് കോൾ വരുന്നത്. രാജ്‌കുമാർ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഇംഗ്ലീഷിലായിരുന്നു സംസാരിച്ചത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മന്ത്രിയാകാൻ മൂന്ന് കോടി രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. കോഴിക്കോട് ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ നൽകിയതെന്നും ഇയാൾ അവകാശപ്പെട്ടു.

​സംസാരത്തിൽ സംശയം തോന്നിയ എംഎൽഎ, തട്ടിപ്പ് ബോധ്യപ്പെടുത്താനായി പണം നൽകാമെന്ന് സമ്മതിക്കുകയും എങ്ങനെയാണ് മന്ത്രിയാക്കുക എന്നതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം നീണ്ട സംഭാഷണത്തിൽ മന്ത്രിയാക്കാൻ നടത്തുന്ന ‘ഓപ്പറേഷന്റെ’ ഘട്ടങ്ങൾ ഇയാൾ വിശദീകരിച്ചു.

​ഫോൺ കട്ട് ചെയ്ത ഉടൻ തന്നെ, നമ്പർ കൈമാറിയെന്ന് പറയപ്പെട്ട എംപിയുമായി വിദ്യാ ബാലകൃഷ്ണൻ ബന്ധപ്പെട്ടു. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് ജില്ലയിലെ രണ്ട് എംഎൽഎമാരുടെ നമ്പർ വാങ്ങിയിരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ഡൽഹിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരു ഫോൺ കോൾ ഒഫീഷ്യലായി ചെയ്തിട്ടില്ലെന്ന് വ്യക്തമായത്.

​തുടർന്ന് എംഎൽഎ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. കോൾ വന്നത് ഡൽഹിയിൽ നിന്നാണെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

See also  കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല; 2026ൽ പാലക്കാട് പിടിക്കും: പ്രകാശ് ജാവദേക്കർ

Related Articles

Back to top button