Kerala

അന്വേഷണത്തിനായി സൈബർ പൊലീസ് സംഘം ദില്ലിയിലേക്ക്

തിരുവനന്തപുരം: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദവി വാഗ്ദാനം ചെയ്ത് രാഷ്ട്രീയ നേതാക്കളെ പറ്റിക്കാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തെ തേടി കേരള സൈബർ പൊലീസ് സംഘം ദില്ലിയിലേക്ക്. എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണൻ, എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് ഇത്തരത്തിൽ വ്യാജ ഫോൺ കോളുകൾ ലഭിച്ചത്.

​വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് സെക്രട്ടറി രാജ്‌കുമാർ എന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ജനപ്രതിനിധികളെ ബന്ധപ്പെട്ടത്. കേരളത്തിൽ ഉടൻ തന്നെ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു സംസാരിച്ചത്.

​സംശയം തോന്നിയ വിദ്യ ബാലകൃഷ്ണൻ എം.എൽ.എ പ്രിയങ്കാ ഗാന്ധിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ഇത് വ്യാജ കോളാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് എം.എൽ.എ കോഴിക്കോട് സൈബർ പൊലീസിലും, പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു.

​ദില്ലി കേന്ദ്രീകരിച്ചുള്ള ഫോൺ നമ്പറുകളിൽ നിന്നാണ് വാട്‌സാപ്പ് കോളുകൾ വന്നതെന്ന് സൈബർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണോ സിം കാർഡുകൾ എടുത്തതെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായാണ് പ്രത്യേക സൈബർ പൊലീസ് സംഘം ദില്ലിയിലേക്ക് തിരിക്കുന്നത്.

See also  ‘ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ, വൻ പ്രതിഷേധം

Related Articles

Back to top button