Kerala

ഗവ. പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു പ്രസിഡൻ്റ്: നിലപാടിൽ ഉറച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിനും കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിനും ഉള്ള ആശങ്കകളും പരാതികളും അലോഷ്യസ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. എന്നാൽ, നിയമനങ്ങൾ യോഗ്യതയുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് നടന്നിട്ടുള്ളതെന്ന മുൻ നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നതായാണ് സൂചന.

​മുൻപ് എസ്‌എഫ്‌ഐ, ആർഎസ്എസ് പശ്ചാത്തലമുള്ളവരെ ഗവൺമെന്റ് പ്ലീഡർമാരായി നിയമിച്ചു എന്നാരോപിച്ച് കെഎസ്‌യു രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ “ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണ് കാര്യം?” എന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം കോൺഗ്രസിനുള്ളിലും കെഎസ്‌യുവിനുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു. രാഷ്ട്രീയ-വിദ്യാർത്ഥി സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയല്ല സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

​തുടർന്ന് കെപിസിസി നേതൃത്വത്തിന്റെ ഇടപെടലുകളെ തുടർന്നാണ് മുഖ്യമന്ത്രി കെഎസ്‌യു പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഘടനയുടെ ശക്തമായ വിയോജിപ്പും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരവും അലോഷ്യസ് സേവ്യർ അറിയിച്ചെങ്കിലും, നിയമന തീരുമാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതേസമയം, ഇത് സർക്കാരും കെഎസ്‌യുവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായോ പാർട്ടിയിലെ ഗ്രൂപ്പ് വഴക്കായോ ചിത്രീകരിക്കേണ്ടതില്ലെന്നും ആഭ്യന്തര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ പ്രതികരിച്ചു. 

See also  സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്; സ്ഥാനാർഥി നിർണയം പ്രധാന അജണ്ട, ജി സുധാകരന്റെ നിലപാടും ചർച്ചയാകും

Related Articles

Back to top button