Kerala

സ്വന്തം ജീവൻ നൽകി മറ്റൊരാൾക്ക് ജീവനേകി; ധീര രക്തസാക്ഷി രാജേഷിന് സംസ്ഥാന ബഹുമതികളോടെ വിട

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച മുങ്ങൽ വിദഗ്ധനും നീന്തൽ പരിശീലകനുമായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന് കണ്ണീരോടെയാണ് നാട് വിട നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.

സാഹസികത ജീവിതത്തിന്റെ ഭാഗമാക്കിയ രാജേഷ്, ദുരന്തമുഖങ്ങളിൽ ആദ്യം ഓടിയെത്തുന്ന രക്ഷാപ്രവർത്തകരിൽ ഒരാളായിരുന്നു. പ്രളയകാലത്തും വയനാട് ദുരന്തത്തിലും ഉൾപ്പെടെ നിരവധി രക്ഷാദൗത്യങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും വിളിപ്പുറത്ത് എത്തുന്ന സന്നദ്ധപ്രവർത്തകനെന്ന നിലയിലും രാജേഷ് ശ്രദ്ധേയനായിരുന്നു.

രാജേഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, കുടുംബത്തിനൊപ്പം സർക്കാർ എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്ന് അറിയിച്ചു. നിർമാണം പൂർത്തിയാകാത്ത രാജേഷിന്റെ വീട് സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ രാജേഷിന്റെ വേർപാട് കേരളത്തിന്റെ രക്ഷാപ്രവർത്തന രംഗത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

See also  വൻ കുതിപ്പിന് ചെറിയ ഇടവേളയിട്ട് സ്വർണവില; പവന് 200 രൂപയുടെ കുറവ്

Related Articles

Back to top button