വീണ്ടും വിവാഹത്തിനൊരുങ്ങി അനുമോൾ; മൂകാംബികയിൽ മാലയിടും

വീണ്ടും വിവാഹത്തിനൊരുങ്ങി ബിഗ്ബോസ് ജേതാവും ഇൻഫ്ലുവൻസറുമായ അനുമോൾ. നടനും മോഡലുമായ ഭുവനേഷ് ആണ് അനുമോളുടെ വരൻ. ഓഗസ്റ്റ് 18ന് ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുരുവായൂരിലെ വിവാഹത്തിനു മുൻപേ ജൂൺ 7ന് ചെന്നൈയിൽ വച്ച് വിവാഹം കഴിച്ചിരുന്നുവെന്ന് പിന്നീട് അനുമോൾ വെളിപ്പെടുത്തി.
ഭുവനേഷിന്‍റെ കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹം. ഈ ചടങ്ങിന്‍റെ ഫോട്ടോകളും വിഡിയോകളും താരം പുറത്തു വിട്ടിരുന്നു. പിന്നീട് സെപ്റ്റംബറിൽ ആറ്റുകാൽ ക്ഷേത്രത്തിൽ താലിമാറ്റൽ ചടങ്ങും അമ്മയുടെ ആഗ്രഹപ്രകാരം മാലയിടലും നടത്തി.
താലിമാറ്റൽ ചടങ്ങിന്‍റെ വിഡിയോക്ക് ഒപ്പമാണ് താരം ഇനി മൂകാംബികയിൽ വച്ച് മാലയിടുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം തന്‍റെ നേർച്ചയാണെന്നും അനുമോൾ പറയുന്നുണ്ട്.



