മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരം; കറുത്ത ബാഡ്ജ് ധരിച്ചെത്തിയ എഎംവിമാർക്ക് മെമ്മോ അയച്ച് ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തിൽ മുന്നിയിപ്പുമായി ഗതാഗത കമ്മീഷണർ. കറുത്ത ബാഡ്ജ് യൂണിഫോമിൽ ധരിച്ച എഎംവിമാർക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിൻ്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത കമ്മീഷണറുടെ നടപടി. മുന്നറിയിപ്പിൽ എംവിമാരെ ഒഴിവാക്കി. അതേസമയം, എന്ത് ചട്ടലംഘനമാണ് നടന്നതെന്ന് വ്യക്തമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് എഎംവിഐമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്. ഇന്ന് മുതൽ പെറ്റി പിരിക്കില്ലെന്നും വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.
പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജു, ഷം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയല്ല, അടൂരിൽ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.



