Kerala

വന്ദേമാതരം പൂർണമായും ഒഴിവാക്കി സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം: പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കുമിടെ വന്ദേമാതരം പൂർണമായും ഒഴിവാക്കിയായിരുന്നു സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്. അതേസമയം പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന കാര്യാലയത്തിലടക്കം നടന്ന പരിപാടികളിൽ ദേശീയഗീതം ആലപിച്ചു.

കോഴിക്കോട് കോർപറേഷൻ ഓഫീസിൽ ഭരണപക്ഷ അംഗങ്ങൾ ദേശീയഗാനം ആലപിച്ചപ്പോൾ ബിജെപി കൗൺസിലർമാർ ദേശീയഗീതം ആലപിച്ചത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. വന്ദേമാതരം ഒരു കാലത്തും ദേശീയ ഗാനം അല്ലെന്നും അതിനെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുള്ളൂ എന്നും മറ്റുള്ളവരികൾ വർഗീയ ചുവയുള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പതാക ഉയർത്തി. വിവിധ ജില്ലകളിൽ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മലപ്പുറത്ത്
പികെ ബഷീർ, കോട്ടയത്ത് മോൻസ് ജോസഫ് എന്നിവർ പതാക ഉയർത്തി. പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. കെപിസിസി ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പതാക ഉയർത്തി. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ വന്ദേമാതരവും ദേശീയ ഗാനവും പൂർണമായി ആലപിച്ചു.

See also  ഒറ്റക്കല്ലേ ജീവിതം; എന്തിനാണ് പൈസയോട് ഇത്ര ആക്രാന്തം: മഞ്ജു വാര്യർക്കെതിരേ ശാന്തിവിള ദിനേശ്

Related Articles

Back to top button