നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ് വരൻ. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ.
ഗോൾഡൻ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അനുമോൾ വിവാഹച്ചടങ്ങിനെത്തിയത്. വരൻ കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു ധരിച്ചിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും അനുമോൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിവാഹം സംബന്ധിച്ച് വലിയ സൂചനകളൊന്നും നൽകാതിരുന്നതിനാൽ അപ്രതീക്ഷിതമായാണ് ആരാധകർക്ക് വിവാഹവാർത്ത ലഭിച്ചത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വധുവിനെ വരന്റെ കൈപിടിച്ച് ഏൽപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. വിവാഹം പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് “ലവ് അല്ല, അറേഞ്ച്ഡ്” എന്നാണ് അനുമോൾ പ്രതികരിച്ചത്.
വിവാഹത്തിന് മുന്നോടിയായി “ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം” എന്ന അടിക്കുറിപ്പോടെ അനുമോൾ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ വിവാഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനുമോൾ രസകരമായ മറുപടികൾ നൽകിയിരുന്നു.ടെലിവിഷൻ പരമ്പരകളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധ നേടിയ അനുമോൾ പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7-ൽ വിജയിയായി കൂടുതൽ ജനപ്രീതി നേടി.



