72-ാമത് നെഹ്‌റു ട്രോഫി ജലോത്സവം നാളെ

ലോകപ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം മാത്രം. പുന്നമടയുടെ തീരത്തേക്ക് എത്തുന്ന ജലോത്സവ പ്രേമികളെ വരവേൽക്കാൻ ആലപ്പുഴയും പുന്നമടയും പൂർണമായും സജ്ജമായി. ഇത്തവണ 22 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് ഒന്നാം ഹീറ്റിൽ ഒന്നാം ട്രാക്കിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഡബിൾ ഹാട്രിക്ക് നഷ്ടമായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ വാശിയേറിയ പോരാട്ടത്തിനാണ് എത്തുന്നത്.ഏറെ ആരാധകരുള്ള യുബിസി ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും കൈനകരിയിൽ നിന്ന് യുബിസി ഫാൻസ് ക്ലബ് എന്ന പേരിൽ പുതിയ ക്ലബും ഇത്തവണ പുന്നമടയിലെത്തും.
ഈ വർഷം മുതൽ നെഹ്റു ട്രോഫിയിലെ സമ്മാനത്തുകയും അഞ്ച് ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനവും നെഹ്റു ട്രോഫിയും നേടുന്ന ചുണ്ടൻ വള്ളത്തിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും ലഭിക്കും.വിവിധ വിഭാഗങ്ങളിലായി ടിക്കറ്റ് എടുത്ത് എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാകും ഗ്യാലറികളിലേക്ക് പ്രവേശിപ്പിക്കുക. കഴിഞ്ഞ തവണ ടിക്കറ്റ് എടുക്കാത്തവർ നേരത്തെ ഗ്യാലറിയിലെത്തി സീറ്റ് പിടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.



