Kerala

മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ റെയില്‍വേ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രശ്നം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മംഗലാപുരം ജംഗ്ഷന്‍ റെയിവെ സ്റ്റേഷന്‍ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയ്ക്കും. ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് എന്നും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എം പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തും’, എന്നാണ് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.

റെയില്‍വേ ബോര്‍ഡിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. ‘വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗമായി പ്രവര്‍ത്തിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ ഭാഗങ്ങള്‍ ഒറ്റയടിക്ക് മറ്റൊരു ഡിവിഷനിലേക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന പ്രദേശമാണ് മംഗലാപുരം. തുറമുഖം, വിമാനത്താവളം ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാനമായ സ്ഥാപനങ്ങളില്‍ നിന്നുള്ള കണക്ടിവിറ്റി കുറവിനും അതുവഴി വലിയ തോതിലെ വരുമാന നഷ്ടത്തിനും ഈ നടപടി ഇടയാക്കും. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ പാലക്കാട് ഡിവിഷന്റെ കിലോമീറ്റര്‍ ശ്രേണിയില്‍ വലിയ തോതില്‍ കുറവ് സംഭവിച്ചിരുന്നു. പുതിയ നടപടിയോടെ മംഗലാപുരത്തു നിന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സര്‍വീസിന് ഉള്‍പ്പെടെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്’, അദ്ദേഹം പറഞ്ഞു.

റെയില്‍വേ ഇക്കാര്യത്തില്‍ അടിയന്തരമായ പുനപരിശോധന നടത്തേണ്ടതുണ്ട്. മംഗലാപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിലവിലുള്ളത് പോലെ പാലക്കാട് ഡിവിഷനില്‍ തന്നെ ഉള്‍പ്പെടുത്തി മുന്നോട്ടു പോകണം എന്നും ഇടി മുഹമ്മദ് ബഷീര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് എം പി കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

See also  വികസനവും ക്ഷേമവും വോട്ടായില്ല; പാർട്ടി ശക്തമായി തിരിച്ചുവരും: എം.എം. മണി

Related Articles

Back to top button