നേപ്പാളിൽ കുടുങ്ങിയത് 53 മലയാളികൾ; സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ്

തിരുവനന്തപുരം: നേപ്പാളിൽ ഉണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് കുട്ടികളടക്കം 53 മലയാളികൾ കുടുങ്ങിയെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 53 മലയാളികളെ തിരിച്ചറിഞ്ഞതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
53 പേരുടെയും ഫോൺ നമ്പറുകൾ നോർക്ക റൂട്ട്സിന്‍റെ കൈവശമുണ്ടെങ്കിലും നെറ്റ്‌വർക്ക് പ്രശ്നത്തെ തുടർന്ന് നിലവിൽ ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല. ഡൽഹിയിലെ നോർക്ക റൂട്ട്സ് ഡെവലപ്‌മെന്‍റ് ഓഫീസർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അദ്ദേഹം റസിഡന്‍റ് കമ്മിഷണറുടെ ഓഫീസുമായി ബന്ധപ്പെട്ടും ഇന്ത്യൻ എംബസിക്ക് വിവരങ്ങൾ നേരിട്ട് കൈമാറിയും പ്രവർത്തനം തുടരുകയാണെന്ന് രാജേഷ് മാധവൻ പറഞ്ഞു.
കുടുങ്ങിയവർ അവസാനമായി എവിടെയായിരുന്നുവെന്ന് കൃത്യമായി കണ്ടെത്തിയാൽ നേരിട്ട് ബന്ധപ്പെടാനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 53 പേരെ തിരിച്ചറിഞ്ഞതിന് ശേഷം കുടുങ്ങിക്കിടക്കുന്ന മലയാളികളെ സംബന്ധിച്ച് പുതിയ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും രാജേഷ് മാധവൻ പറഞ്ഞു.



