Kerala

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. തെളിവുകള്‍ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഗുരുതര കുറ്റകൃത്യമാണ് ഹുസൈന്‍ നടത്തിയതെന്നും സര്‍ക്കാര്‍ പറയുന്നു.

മധു വധക്കേസില്‍ ഹൈക്കോടതി മെയ് മാസം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചത്. ഒരു പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. എന്നാല്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് അന്ന് തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കും എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നിയമസഹായം തേടി മധുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണ്ടു. സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്ന് പ്രതീക്ഷയുണ്ടെന്നായിരുന്നു മധുവിന്റെ സഹോദരി സരസു അറിയിച്ചിരുന്നത്. അപ്പീല്‍ പോകാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോഴും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സരസു പറഞ്ഞിരുന്നു. മധു അനുഭവിച്ചതുപോലൊരു വേദന ഇനി ആരും അനുഭവിക്കരുതെന്നും മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സരസു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിധിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.

2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

See also  വേടനെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് നൽകിയ പീഡന പരാതി ഡിജിപിക്ക് കൈമാറി

Related Articles

Back to top button