മാണി സി. കാപ്പനെതിരെ ഹൈക്കോടതി ഇടപെടൽ; തെരഞ്ഞെടുപ്പ് കമ്മീഷനും കാപ്പനും നോട്ടീസ്

കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ. ഹരജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
മുംബൈ മലയാളിയായ ദിനേഷ് മേനോൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. 2010ൽ കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ കൈപ്പറ്റുകയും 25 ലക്ഷം രൂപ മാത്രം തിരികെ നൽകുകയും ചെയ്തുവെന്ന കേസിലാണ് പരാതിക്കാരൻ വിവിധ കോടതികളെ സമീപിച്ചത്. തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മുംബൈ കോടതി നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
നിയമപ്രകാരം രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികളുടെ എംഎൽഎ അല്ലെങ്കിൽ എംപി സ്ഥാനം നഷ്ടമാകും. ഈ ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ മാണി സി. കാപ്പന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചാണ് സ്പീക്കറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചത്.



